
തങ്ങളുടെ അനുഗ്രഹാശിസുകളോടെ പ്രവർത്തിക്കുന്ന കേരള കോൺഗ്രസുകൾ പോലും വഖഫ് വിഷയത്തിൽ നീതിയുക്തമായ നിലപാടെടുത്തില്ല എന്ന പരിഭവം സഭകൾക്കുണ്ട്
വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായതിന് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ - സാമുദായിക സമവാക്യങ്ങളിൽ മാറ്റമുണ്ടാകുന്നു എന്നാണ് സൂചന. സംസ്ഥാനത്തെ എൽഡിഎഫും യുഡിഎഫും മുനമ്പം വഖഫ് ഭൂമി വിഷയത്തിലും വഖഫ് ഭേദഗതി ബില്ലിലും സ്വീകരിച്ച നിലപാടുകൾ രണ്ട് മുന്നണിക്കും വലിയ തിരിച്ചടിയാകുകയാണ്. മുനമ്പം വഖഫ് ഭൂമി തർക്കവും വഖഫ് ഭേദഗതി ബില്ലും രണ്ട് വ്യത്യസ്ത വിഷയങ്ങളായാണ് എൽഡിഎഫും യുഡിഎഫും കണ്ടത്. എന്നാൽ, രണ്ടും തമ്മിൽ ബന്ധിപ്പിച്ചാണ് ബിജെപിയും കേന്ദ്രസർക്കാരും മുന്നോട്ട് പോയത്. നിലവിലെ വഖഫ് നിയമത്തിന്റെ ഇരകളാണ് മുനമ്പം നിവാസികൾ എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വഖഫ് ഭേദഗതി ബില്ലിൽ മുന്നോട്ട് പോയത്. ഫലത്തിൽ മുനമ്പം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ക്രൈസ്തവ വിശ്വാസികൾ ബിജെപിയോടൊപ്പം ചേർന്ന നിൽക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ രൂപപ്പെടുന്നത്.
മുനമ്പം സമര സമിതി ചെയർമാൻ ജോസഫ് റോക്കി അടക്കമുള്ള അമ്പത് പേർ ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ച് കഴിഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ മുനമ്പത്തെ സമരപന്തലിലെത്തിയിരുന്നു. ഈ വേളയിലാണ് മുനമ്പം നിവാസികൾ ബിജെപി അംഗത്വം സ്വീകരിച്ചത്. ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും രാജീവ് ചന്ദ്രശേഖറിനൊപ്പം മുനമ്പത്ത് എത്തിയിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജനത നേതാക്കളെ സ്വീകരിച്ചത്.
മുനമ്പത്ത് മാത്രം ഒതുങ്ങുന്നതല്ല വഖഫ് നിയമഭേദഗതിയിലെ ബിജെപിയുടെ നേട്ടം. കേരളത്തിലെ ക്രൈസ്തവ സഭകൾ മുനമ്പം വിഷയത്തിൽ നിലവിലെ വഖഫ് നിയമത്തിന് എതിരായിരുന്നു. ഇതുൾപ്പെടെ പല വിഷയങ്ങളിലും കേന്ദ്രസർക്കാർ നിലപാടുകളോട് ക്രൈസ്തവ സഭകൾക്കുള്ള അനുഭാവം പ്രകടമായിരുന്നു. തങ്ങളെ കേരളത്തിലെ എൽഡിഎഫും യുഡിഎഫും തഴഞ്ഞു എന്ന ചിന്ത ക്രൈസ്തവ സഭകളിൽ ശക്തമാണ്. തങ്ങളുടെ അനുഗ്രഹാശിസുകളോടെ പ്രവർത്തിക്കുന്ന കേരള കോൺഗ്രസുകൾ പോലും വഖഫ് വിഷയത്തിൽ നീതിയുക്തമായ നിലപാടെടുത്തില്ല എന്ന പരിഭവം സഭകൾക്കുണ്ട്.
ഇടതിനും വലതിനും അടവുനയം പാളി
ക്രൈസ്തവ സഭകൾ ബിജെപിയോട് അടുത്താൽ കേരളത്തിലെ എൽഡിഎഫിനും യുഡിഎഫിനും തങ്ങളുടെ വോട്ട് ഷെയറിൽ വലിയ കുറവ് വരും. നിലവിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും എത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ ഗതി നിർണയിക്കുന്നതിൽ തങ്ങൾ ഒരു നിർണായക ശക്തിയാണെന്ന് തെളിയിക്കേണ്ടത് ക്രിസ്ത്യൻ സഭകളുടെ ബാധ്യതയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബിജെപി വരുന്ന തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയാലും അത്ഭുതപ്പെടാനില്ല.
മുനമ്പം ഭൂമി തർക്കത്തെയും വഖഫ് നിയമഭേദഗതി ബില്ലിനെയും രണ്ട് വ്യത്യസ്ത വിഷയങ്ങളായി കണ്ടതാണ് എൽഡിഎഫിനും യുഡിഎഫിനും വിനയായത്. മുനമ്പം ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടതിന് ശേഷം ഇരു മുന്നണികളും പാർലമെന്റിൽ ബില്ലിനെ എതിർത്തിരുന്നു എങ്കിൽ വലിയ പരിക്കേൽക്കാതെ രക്ഷപെടാമായിരുന്നു. എന്നാൽ, തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാതെ മുസ്ലീം പ്രീണനത്തിന് ഇടത് പക്ഷവും യുഡിഎഫും ശ്രമിക്കുന്നു എന്ന ചിന്തയാണ് മുനമ്പം നിവാസികളിലും വലിയൊരു വിഭാഗം ക്രൈസ്തവരിലും ഉടലെടുത്തിരിക്കുന്നത്.
രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമോ?
പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമെന്നാണ് മുനമ്പം സമര സമിതി ചെയർമാൻ ജോസഫ് റോക്കിയുടെ പ്രതികരണം. ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായെന്നും അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും സമിതി ചെയർമാൻ പറഞ്ഞു. മുങ്ങിത്താഴുന്നവരെ താങ്ങിനിറുത്തുന്ന സമീപമാണ് നരേന്ദ്ര മോദി സർക്കാരിന്റേത്. രാജ്യസഭയിലെ അടക്കം കേരളത്തിലെ 28 എം പിമാർ ബില്ലിനെ എതിർത്തപ്പോൾ ബി ജെ പിയിലെ സുരേഷ് ഗോപി മാത്രമാണ് ശക്തമായ നിലപാടെടുത്തതെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.
ഇന്ന് പുലർച്ചെയാണ് രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമാവും. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ചർച്ചകൾക്കൊടുവിൽ പുലർച്ചെയോടെ ബിൽ പാസാക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ച് മുനമ്പം നിവാസികൾ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പടക്കം പൊട്ടിക്കുകയും ചെയ്തു. അതേസമയം, ബിൽ പാസായെങ്കിലും റവന്യു അവകാശം പുഃനസ്ഥാപിച്ച് കിട്ടുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.











